Parappalli Beach / പാറപ്പള്ളി

കൊയിലാണ്ടി പണ്ടു മുതൽക്കേ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു എന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത പന്തലായനി (കൊല്ലം) അറബി വ്യാപാരികളുടെ ഒരു പ്രധാനതാവളമായിരുന്നു.ധാരാളം അറബി വ്യാപാരികൾ പണ്ടു കാലത്ത് കൊയിലാണ്ടിയിൽ വ്യാപാരാവശ്യാത്തിനായി എത്തിച്ചേരുകയും തദ്ദേശീയരുമായി വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പള്ളി കടപ്പുറത്തുള്ള മുസ്ലീം പള്ളി(പാറപ്പള്ളി മഖാം) ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളികളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ പലഭാഗത്തു നിന്നും ഇവിടെ സന്ദർശകരും വിശ്വാസികളും എത്തിച്ചേരാറുണ്ട്. “പന്തലായനി” അറബിനാടുകളിൽ വളരെയേറെ അറിയപ്പെട്ടിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

കൊയിലാണ്ടി നഗരവും കൊല്ലം നഗരവും തമ്മിൽ ഏറെ ബന്ധമുള്ളതായി കരുതപ്പെടുന്നു. കൊല്ലം ജില്ലയിൽ നിന്നും കുടിയേറിയ കുറേ പേർ ഇന്നും കൊയിലാണ്ടിയിൽ ഉണ്ട്. കൊയിലാണ്ടിക്കടുത്ത കൊല്ലം എന്ന പേരും ഇങ്ങനെ വന്നതാണെന്നു കരുതുന്നു. പേരുകളിൽ കൊല്ലം ജില്ലയിലേതിനു സാമ്യമുള്ള നിരവധി ഗ്രാമങ്ങളും ഇവിടെ കാണുന്നു.

കൊല്ലം അങ്ങാടിയില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് പാറപ്പള്ളി കടലോരം. വെള്ളാരന്‍കല്ലുകള്‍ നിറഞ്ഞ സുന്ദരമായ കടലോരമാണിത്. കടല്‍ത്തിരകളുടെ തഴുകലേറ്റ് കിടക്കുന്ന ശ്യാമവര്‍ണമാര്‍ന്ന കൃഷ്ണശിലക്കട്ടകള്‍ സഞ്ചാരികള്‍ക്ക് പ്രകൃതി ഒരുക്കിക്കൊടുത്ത ഇരിപ്പിടങ്ങളാണ്.

18 ഏക്കര്‍ വിസ്താരമുള്ള കുന്നാണ് പാറപ്പള്ളിക്കുന്ന്. ‘മയ്യത്തുകുന്ന്’, ‘കൗലമല’ എന്നും പാറപ്പള്ളി വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നു. പാറക്കെട്ടുകളുടെ മുകളില്‍ തീര്‍ത്ത മുസ്‌ലിം ആരാധനാലയമാണിത്. കുന്നിന്‍മുകളിലെ 14 മഖ്ബറകള്‍ (കല്ലറകള്‍) സഹാബത്തുകളുടേ (നബിയുടെകൂടെ കഴിഞ്ഞവരുടെ)താണെന്നാണ് വിശ്വാസം. മഖ്ബറകളില്‍ഒന്ന് ഒരു കെട്ടിടത്തിനുള്ളിലാണ്. ഇത് ഇസ്‌ലാംമത പ്രചാരണത്തിന് ഇവിടെയെത്തിയ മതപണ്ഡിതനും പ്രബോധകനുമായ തമീമുല്‍ അന്‍സാരിയുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഖബറിടങ്ങള്‍ സന്ദര്‍ശിക്കാനും സിയാറത്തിനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്.

കുന്നിനുമുകളില്‍ പാറപ്പള്ളിയെക്കൂടാതെ പഴക്കംചെന്ന മറ്റുരണ്ട് പള്ളികള്‍കൂടിയുണ്ട്. ഔലിയാപള്ളിയും ഖിള്ര്‍പള്ളി (മുനമ്പത്ത് പള്ളി)യും. മുനമ്പത്ത് പള്ളിക്ക് തൊട്ടുതാഴെ പാറക്കെട്ടുകളില്‍കൂടി ഒഴുകിയെത്തുന്ന തെളിനീരുറവ ‘ഔലിയ വെള്ളം’ എന്നാണ് അറിയപ്പെടുക. ഈ നീരുറവയ്ക്കും വിശ്വാസികള്‍ വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. പുണ്യതീര്‍ഥമായാണ് ഇത് കരുതുന്നത്. പാറപ്പള്ളിയില്‍ സിയാറത്തിനെത്തുന്നവര്‍ ഔലിയാ വെള്ളവുമായാണ് മടങ്ങുക.

14ആം  ശതകത്തിലെ പ്രമുഖ മുസ്‌ലിം സഞ്ചാരിയായ ഇബ്‌നുബത്തുത്ത, പന്തലായനി കൊല്ലം ചൈനക്കാരുടെ പ്രധാനപ്പെട്ട കച്ചവടകേന്ദ്രമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പന്തലായനി കൊല്ലം ഉള്‍പ്പെട്ട കൊല്ലം കടപ്പുറത്തിന്റെ പ്രകൃതിഭംഗിയാണ് ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

 

For More Details & Travel Plans  CLICK HERE

Leave a Reply